Sunday, August 15, 2010

ഓര്‍മ്മകളിലെ തിരനോട്ടം...

                       ഇടക്ക് മനസ്സില്‍ ഓര്‍മ്മകളുടെ തിറയാട്ടം...ഓര്‍മ്മകള്‍ ഓളങ്ങള്‍ കണക്കെ കരയെ പുല്‍കി അഗാധതയിലേക്ക് വീണ്ടും മിന്നിമായും.ഇടക്ക്  കണ്ണീരണിയുമെങ്ങിലും ചിലപ്പോള്‍ മന്ദഹാസത്തിന്റെ  മാരിവില്‍ തേരിലേറി അവ മനതാരിലേക്ക് വരും.ഒരുപാട്  ഓര്‍മ്മകള്‍ ദൈവം സമ്മാനിച്ചു.ചിലപ്പോള്‍ തോന്നും ഒന്നും ഓര്‍ക്കാന്‍ കഴിയാതിരുന്നെങ്ങില്‍ എന്ന്.ചിലപ്പോള്‍ മനസ് കടിഞ്ഞാണ്‍ നഷ്ടമായ കുതിരയെപ്പോലെ ലക്ഷ്യമില്ലാതെ അലയും..പലതും മനസ്സില്‍ മിന്നിമറയും...ആരെയും ഒന്നിനെയും മറക്കാന്‍ എനിക്ക് കഴിഞ്ഞില്ല,കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു.ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും അതിരു നല്കാന്‍ ഒരിക്കലും എന്റെ മനസ് ആഗ്രഹിച്ചിരുന്നില്ല.
                       ഒരു ചിത്രശലഭത്തെ പോലെ പാറി പറന്നു നടക്കാന്‍ കൊതിക്കുന്ന ഒരു മനസ്സായിരിക്കാം  എന്റേത്.ആഗ്രഹങ്ങള്‍ക്ക് പലപ്പോഴും കര്‍മ്മങ്ങള്‍ വേലികെട്ടുകള്‍  തീര്‍ത്തിരുന്നു.സ്വപ്‌നങ്ങള്‍ പലതും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.നടക്കാതെ പോയ സ്വപ്‌നങ്ങള്‍ തന്‍ തേരിലേറി ഇന്നും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നടുവിലൂടെ അനന്തതയിലേക്ക് നടന്നകലുന്നു..
                          സ്വപ്‌നങ്ങള്‍ക്കൊണ്ട് കൊട്ടാരക്കെട്ടുകള്‍ പണിതുവെച്ച ഒരു കാലം.ഓര്‍മ്മകളിലെ ബാല്യം,സ്വപ്നങ്ങളിലെ കൗമാരം,മോഹങ്ങളിലെ യവ്വനം എല്ല്ലാം ഒരു തിരശീലയിലെന്നപോലെ  മിന്നിമായുന്നു.ഓര്‍മ്മകള്‍ ഇല്ലാത്ത മനുഷ്യര്‍ ഉണ്ടാകില്ല.എല്ലാവരും എല്ലാം ഓര്‍ക്കണമെന്നും ഇല്ല.അനുഭവങ്ങള്‍ ഓരോന്നും ഓര്‍മകളാകുന്നു.ആ ഓര്‍മ്മകളെ താലോലിച്ച് ജീവിക്കാന്‍ ഒരു സുഖം,സുഖമുള്ള ഒരു സുഖം.മനുഷ്യന് ദൈവം നല്‍കിയ വരദാനമാണ് മറവി.അതുകൊണ്ടായിരിക്കാം ആര്‍ക്കും അധികം ദുഖങ്ങളില്ലാത്തത്.ഓര്‍മകളുടെ മടി തട്ടില്‍ മയങ്ങുമുമ്പോള്‍ ഓടിയെത്തുന്ന നിമിഷങ്ങള്‍ കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നു ഞാന്‍,എന്റെ "ഓര്‍മ്മകളിലെ തിരനോട്ടം".

No comments:

Post a Comment